സുരേഷ് ഉണ്ണിത്താൻ
എമ്പുരാൻ എന്ന സിനിമ ഒരു അപൂർവ കലാസൃഷ്ടി ആണ് എന്നും, പൃഥ്വിരാജ് സുകുമാരനെ വെല്ലാൻ ഇനി ഒരു സംവിധായകൻ ഈ ഭൂവിൽ പിറക്കേണ്ടിയിരിക്കുന്നു എന്നും, മല്ലികാ സുകുമാരൻ എന്ന മാതാവും, ചിത്രത്തിന്റെ നിർമ്മാതാവുൾപ്പെടെയുള്ള അണിയറ ശിൽപ്പികളും, ഉത്സാഹക്കമ്മറ്റിക്കാരും, പിന്നെ ചില തത്പര കക്ഷികളും പറയുന്നത് പൊറുക്കാവുന്നതേയുള്ളു.
ചിത്രം (അങ്ങിനെതന്നെ പറയട്ടെ!) പുറത്തിറങ്ങിയ അന്നുതന്നെ, തിക്കിതിരക്കി ശീട്ടെടുത്തും, അല്ലാതെയും എമ്പുരനെ കൺനിറയെ കണ്ടു നിർവൃതി അടഞ്ഞ ആരാധകർക്കും അങ്ങിനെയേ ചിന്തിക്കാനും പറയാനും കഴിയൂ. അഥവാ അങ്ങിനെയേ പാടുള്ളൂ. സ്വകാര്യമായി ചിലതു നേടാനുള്ള പലരും ഒരുപക്ഷെ എമ്പുരനെ തമ്പുരാനായി പുകഴ്ത്തി എന്നും വാഴ്ത്തി എന്നും വരും. അത് അങ്ങിനെ ആവണമല്ലോ! അങ്ങിനെതന്നെ ആവട്ടെ!
സമീപകാലത്തായി ചലച്ചിത്രം എന്ന ദൃശ്യമാധ്യമത്തിൽ ഒരുപിടി മാറ്റങ്ങൾ വന്നിട്ടുണ്ട്,, അഥവാ വന്നുചേർന്നിട്ടുണ്ട്. സിനിമ എന്ന കലയോടുള്ള സമീപനത്തിൽ വന്ന മാറ്റം. സിനിമ എന്ന കല വെറും ഒരു കച്ചവടചരക്കായി മാറി എന്ന് ചിലപ്പോഴൊക്കെ വിലപിച്ചുപോകുന്നു.അങ്ങിനെ ഒരു വികാരം ആണ് എമ്പുരാൻ കണ്ടപ്പോൾ ഉണ്ടായത്.
സാമൂഹിക മാധ്യമങ്ങളിലും, ടെലിവിഷൻ ചാനലുകളിലും നടക്കുന്ന പോർവിളികളും, പുകഴ്ത്തലുകളും- അതിന്റെ നെല്ലും പതിരും അറിയാൻ വേണ്ടി, അൽപ്പം ദൂരം താണ്ടി യാണെകിലും പോയി. കണ്ടു,കെട്ടിയോൾക്കൊപ്പം. മുഴുനീളെ. കൊ ട്ടകയുടെ ശീതളിമയിൽ ഇടയ്ക്കു ഉറങ്ങാൻ തോന്നിയെങ്കിലും മനപ്പൂർവം കണ്ണും മിഴിച്ചിരുന്നു മുഴുക്കെ കണ്ടു. പണം കൊടുത്തു ശീട്ടുവാങ്ങി കയറിപ്പോയില്ലേ!
കണ്ടിറങ്ങിയപ്പോൾ ആകെ ഒരു തരിപ്പ്, മരപ്പ്. ആകെമൊത്തം ഒരു പുകപോലെ. മനസ്സിനും തലച്ചോറിനും നിരക്കാത്തപോലെ. ഒരു വീഡിയോ ഗെയിം കണ്ടപോലെ. എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം . നാട്ടുവാർത്തമാനത്തിൽ ഉള്ളിതൊലിച്ച പോലെ എന്ന് പറയുന്നതാവും ഏറെ ഉചിതം.
ആളിപ്പടരുന്ന തീ, അക്രമം, കൂട്ടക്കുരുതി, വെടിയൊച്ച, മുന്തിയ കുറേ കാറുകൾ, തസ്ക്കരർ, അങ്ങിനെ മനസ്സിനെ വെകിളി പിടിപ്പിക്കുന്ന മസാലകാഴ്ചകൾ. ഒരുപക്ഷെ, ‘അപ്പൂർവ’ പ്രതിഭകളുടെ സൃഷ്ടികൾ ഇങ്ങനെയൊക്കെയാവാം. ആയേക്കാം!
കഥയും ചിത്രീകരണവും എങ്ങിനെയൊക്കെയോ ആവട്ടെ, കാണികളെ തിയേറ്ററിൽ തള്ളിക്കയറ്റി സ്വന്തം കീശ നിറക്കാനുള്ള തന്ത്രങ്ങളിൽ ഈ പ്രതിഭാധനന്മാർ ആർക്കും മുന്നിൽ തന്നെ. കാശുണ്ടാക്കാൻ “പൊതുജനം കഴുത” എന്ന പൊതു ചൊല്ലിനെതന്നെ പ്രയോഗിച്ചു. ഒരു കൊച്ചു പ്രയോഗം.
ആരോ എവിടെനിന്നോ പറഞ്ഞു എമ്പുരാൻ കാവിവിരുദ്ധമാണ് എന്ന്. പോരേ പൂരം. പിന്നെ മെഴുകൽ, അട്ടഹസിക്കൽ, പോർവിളികൾ, നെഞ്ചത്തിടി, നിലവിളി അങ്ങിനെ വിചാരമില്ലാതെ വികാരം ഭരിച്ച നാളുകൾ. ബുദ്ധിയും, വിവേകവും പണ യപ്പെടുത്തിയ നാളുകൾ – മൂന്നോ നാലോ!
സാമൂഹിക മാധ്യമങ്ങൾ കൊണ്ടാടി. ടീവീ ചാനലുകളിൽ അന്തിചർച്ച തകർത്തു. അഭിനവ ഹിന്ദു, മുസ്ലിം, മതേതര വാദികൾ ഉറഞ്ഞു തുള്ളി. കഥയറിയാതെ, ആട്ടം പോലും കാണാതെ. ചേരിതിരിഞ്ഞു വെല്ലുവിളികൾ, പ്രായ, പദവി, ലിംഗ ഭേദമില്ലാതെ.
ഇതൊക്കെ കണ്ടും കെട്ടും ഉദ്വേഗം മൂത്ത് എന്നെപ്പോലെ ചിലർ, വിവേകത്തെ വിശ്രമത്തിന് വിട്ട് എമ്പുരനെ നേരിൽ കാണാൻ, കണ്ടു തൃപ്തിപ്പെടാൻ, ഒട്ടു ദൂരെയുള്ള കോട്ടകയിലേക്ക് പോയി. മിണ്ടാതിരുന്നു കണ്ടു. റിമാൻഡിൽ ആയ തടവുപുള്ളിയെപ്പോലെ.
കണ്ടിറങ്ങിയപ്പോൾ എമ്പുരനെ ജനിപ്പിച്ച തമ്പുരാക്കളുടെ ജാതകം ഏതാണ്ട് തെളിഞ്ഞു വന്നു. ഇവർ അപൂർവ പ്രതിഭകളാണ്. കാലം കടന്നു ചിന്തിക്കുന്നവർ. ചിലരെയെങ്കിലും തങ്ങൾക്കുതകും വിധം വഴിതിരിക്കാൻ ശ്രമിച്ചു പൂച്ചു പൊളിയുന്നവർ.
എമ്പുരാൻ കാണിക്കളെ വ്യാകുലരാക്കി നിരാശപ്പെടുത്തി എങ്കിലും മലയാളികൾക്കിടയിൽ ഒരു ചർച്ചവിഷയമായി എന്നത് വസ്തുത. എമ്പുരാൻ ചില മത പ്രേമികൾക്കും മതേതര വാദികൾക്കും ഉയിതെഴുന്നേൽപ്പിന് കളമൊരുക്കി. കാലം മറന്നുതുടങ്ങിയ ഇവർ എന്നും എമ്പുരനോട് കടപ്പെട്ടിരിക്കുന്നു, പുനർജന്മത്തിന്. സമൂഹത്തിൽ അസഹിഷ്ണുത പടർന്നാലും ഇക്കൂട്ടരുടെ കാര്യം കുശാൽ. ഒപ്പം ചില വമ്പൻമാരുടെയും!
എമ്പുരാൻ ശത കോടികൾ കൊയ്ത തായി സിനിമയുടെ ശില്പികളെ ഉദ്ധരിച്ചുകൊണ്ട് ചില അഭിനവ മാധ്യമങ്ങൾ അവകാശപ്പെടുന്നു. ചിലർ അവകാശപ്പെടുന്നു, കളക്ഷൻ 200 കോടി കവിഞ്ഞു എന്ന്. ഇന്ത്യൻ സിനിമയിലെ സർവകാല കളക്ഷൻ റെക്കോർഡുകളും തിരുത്തി എമ്പുരാൻ മുന്നേറുന്നതായി മറ്റുചിലർ. പക്ഷെ കേരളത്തിൽ ഒഴികെ മറ്റെവിടെയും എമ്പുരാൻ ഏശിയിട്ടില്ല എന്നാണ് വിവരം.
വിവാദങ്ങൾ ക്കൊന്നും എമ്പുരനെ കൊഴുപ്പിക്കാൻ കഴിഞ്ഞില്ല എന്നാണ് കണക്കുകൂട്ടാൻ കഴിവുള്ള, വിവരമുള്ള, ചില സിനിമാ പ്രവർത്തകരുടെ ബോധ്യം.
കേരളത്തിലെ ജനസംഖ്യ ഏതാണ്ട് 4 കോടിയിൽ താഴെ. ഇതിൽ കടുത്ത സിനിമ പ്രേമികൾ- തിയേറ്ററിൽ പോയി സിനിമ കാണുന്നവർ എന്നറിയുക- ഏകദേശം 20 ശതമാനം വന്നേക്കാം. അങ്ങിനെയെങ്കിൽ 80 ലക്ഷം പേർ എമ്പുരാൻ കാണും എന്ന് ഒരു ഓട്ടക്കണക്ക്. ടിക്കറ്റ് വില 100 രൂപ എന്ന് വയ്ക്കുക. അപ്പോൾ ആവകയിൽ ആകെ കിട്ടുന്നത് 80 കോടി. ഇതിന്റെ 40 ശതമാനം മാത്രമാണ് നിർമ്മാതാവിന്. അതായതു 80 കൊടിയുടെ 40%= 32 കോടി ക. ഇനി ഇതിനെ ഇരട്ടി ആയാൽ പോലും നൂറിലേക്ക് ദൂരം ഏറെ!
അങ്ങിനെയാണ് എമ്പുരന്റെ ശതകോടിക്കഥ, വെറും ഒരു കഥ.
എന്നിരുന്നാലും പലരും, ഇപ്പോഴും, എപ്പോഴും എന്നപോലെ കഥയറിയാതെ ആട്ടം കാണുന്നു. കണ്ണു തുറന്നുവച്ച്, ഉള്ളിൽ ഉറങ്ങിക്കൊണ്ട്.